
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ഇരു ടീമുകളും കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയവരാണ്.
ലൊബേരക്കൊപ്പം ചില മികച്ച താരങ്ങൾ കൂടി ക്ലബ് വിട്ടതോടെ ഇത്തവണ ആകെ മാറിയ ടീമുമായാണ് ഗോവയുടെ വരവ്. എങ്കിലും മികച്ച ഇലവനെയാണ് പരിശീലകൻ ജുവാൻ ഫെറാൻഡോ രംഗത്തിറക്കിയിരിക്കുന്നത്. മുഹമ്മദ് നവസ് ആണ് ഗോൾ കീപ്പർ. സെരിറ്റൻ ഫെർണാണ്ടസ്, ജെയിംസ് ഡോനച്ചി, ഇവാൻ ഗോൺസാലസ്, സാൻസൺ പെരേര എന്നിവർ പിൻനിരയിൽ അണിനിരക്കും. ലെന്നി റോഡ്രിഗസ്, എഡു ബീഡീയ, സെയ്മിൻലൻ ഡുംഗൽ, പ്രിൻസ്ടൻ റെബെല്ലോ, ജോർജ് മെൻഡോസ എന്നിവർ മധ്യനിരയിലും ഇഗോർ അംഗൂളോ മുന്നേരത്തിലും കളിക്കും. 4-2-3-1 ആണ് ഫോർമേഷൻ.കഴിഞ്ഞ സീസണിൽ ഗോവ ഒന്നാമതും ബെംഗളൂരു മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്. സെർജിയോ ലൊബേരയുടെ കീഴിൽ ഗംഭീര പ്രകടനം നടത്തിവന്നിരുന്ന ഗോവ പുതിയ പരിശീലകനു കീഴിൽ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.
3-4-3 എന്ന ഫോർമേഷനാണ് ബെംഗളൂരുവിൽ കാർലസ് ക്വാദ്റത്ത് പരീക്ഷിച്ചിരിക്കുന്നത്. സന്ധു ഗോൾ വല സംരക്ഷിക്കും. ഫ്രാൻസിസ്കോ ഗോൺസാലസ്, ജുവാനൻ, ഹർമൻജോത് ഖബ്ര എന്നിവർ പ്രതിരോധത്തിലും സുരേഷ് വാങ്ജം, എറിക് പാർതാലു, ക്ലെയിറ്റൺ സിൽവ, ഉദാന്ത സിംഗ് എന്നിവർ മധ്യനിരയിലും കളിക്കും. ആഷിഖ് കുരുണിയൻ, ക്രിസ്റ്റ്യൻ ഓപ്സെത്, സുനിൽ ഛേത്രി എന്നിവരടങ്ങുന്നതാണ് മുന്നേറ്റനിര.