
ബോളിവുഡ് നടൻ വരുൺ ധവാനും നടി നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ചിത്രത്തിൻറെ സംവിധായകൻ രാജ് മെഹ്തക്കും പോസിറ്റീവാണ്. ഇതിനെത്തുടർന്ന് ഛണ്ഡീഗഡിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ജഗ് ജഗ് ജിയോ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തിവച്ചു. വെള്ളിയാഴ്ചയാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.
62കാരിയായ നീതുവിന് കോവിഡ് പോസിറ്റീവായതിനെതുടർന്ന് താരത്തെ തിരികെ മുംബൈയിലെത്തിക്കാൻ മകനും നടനുമായ രൺബീർ കപൂർ എയർ ആംബുലൻസ് ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മുംബൈയാണ് അനുയോജ്യമെന്ന് നീതുവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ വരുൺ ധവാനും രാജ് മെഹ്തയും ഛണ്ഡീഗഡിൽ തന്നെ ക്വാറൻറൈനിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.അനിൽ കപൂറും കിയാരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വരുണും കിയാരയും ദമ്പതികളായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരുടെ മാതാപിതാക്കളായിട്ടാണ് അനിലും നീതുവുമെത്തുന്നത്. നേരത്തെ അനിൽ കപൂറിന് കോവിഡാണെന്ന് വാർത്തകൾ പരന്നിരുന്നു. വാർത്ത വ്യാജമാണെന്ന് അനിൽ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.