
ഒരു മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആക്ടിവിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിക്ക് ജയിൽ അധികൃതർ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു. ഭീമ കൊറേഗാവ് ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തെ തലോജ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പാർക്കിൻസൺസ് രോഗബാധിതാണെന്നും വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ചു പ്രതികരിക്കാൻ 20 ദിവസം വേണമെന്നായിരുന്നു എൻഐഎയുടെ നിലപാട്. തുടർന്ന് സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ മൂന്നാഴ്ച്ച സമയമാണ് എൻ.ഐ.എക്ക് കോടതി നൽകിയത്.
എന്നാൽ സ്റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചതായി എൻ.ഐ.എ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്നും, അതു തിരികെ നൽകാൻ ഉത്തരവിടണമെന്നും കാണിച്ച് സ്റ്റാൻ സ്വാമി മുംബൈയിലെ പ്രത്യേക കോടതിയിൽ മൂന്ന് പുതിയ അപേക്ഷകൾ നൽകിയിട്ടുണ്ട്.
കേന്ദ്ര നാഡീവ്യൂഹത്തെ ദുർബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ്. വിറയലും പേശികളുടെ സങ്കോചവും രോഗികൾക്ക് ഉണ്ടാകുന്നതിനാൽ പാനീയങ്ങൾ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടും. രോഗികളിൽ ചിലർക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.