
ന്യൂസിലാന്‍ഡ് ആള്‍റൌണ്ടര്‍ കോറി ആന്ഡേഴ്സണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ടി20 പ്രീമിയര്‍ ലീഗ് കളിക്കാന്‍ വേണ്ടിയാണ് താരം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കോറി ആന്‍ഡേഴ്സണിന്റെ പേരിലാണ്. ന്യൂസിലാന്‍ഡിനായി 36 പന്തില്‍ നിന്നാണ് കോറി അന്ന് നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്ത് സെഞ്ച്വറി നേടിയത്. 2014 ന്യൂ ഇയര്‍ ദിവസത്തിലായിരുന്നു വെസ്റ്റിന്‍ഡീസിനെതിരെയുള്ള കോറിയുടെ വെടിക്കെട്ട്. പിന്നീട് 31 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്സാണ് കോറിയുടെ സെഞ്ച്വറിയെ റെക്കോര്‍ഡ് ബുക്കില്‍ രണ്ടാമതെത്തിച്ചത്.
പേസ്ബൌളര്‍ കൂടിയായ ഓള്‍റൗണ്ടറായിരുന്ന കോറി ആന്ഡേഴ്സന് മൂന്ന് ഫോര്‍മാറ്റിലുമായി 93 മത്സരങ്ങള്‍ ന്യൂസീലന്‍ഡിനുവേണ്ടി കളിച്ചിട്ടുണ്ട്. 13 ടെസ്റ്റില്‍ നിന്ന് 863 റണ്‍സാണ് ആന്‍ഡേഴ്സണിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 116 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 16 വിക്കറ്റും നേടിയിട്ടുണ്ട്. 49 ഏകദിനങ്ങളില്‍ നിന്ന് 1109 റണ്‍സ് നേടി. 131 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 60 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. 31 ടി20 മത്സരങ്ങളില്‍ 485 റണ്‍സും 14 വിക്കറ്റും നേടി.
‘ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്. അതിന് സാധിച്ചതില്‍ അഭിമാനമുണ്ട്. എന്റെ എല്ലാ കാര്യത്തിലും വലിയ പിന്തുണയാണ് ന്യൂസീലന്‍ഡ് ടീമില്‍ നിന്ന് ലഭിച്ചത്. താരമെന്ന നിലയില്‍ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളില്‍ വളരെ സന്തോഷമുണ്ട്’-കോറി ആന്ഡേഴ്സണ് വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു.