
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് മുഖം തിരിച്ച് ബി.ജെ. പി ദേശീയ നേതൃത്വം. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പോലും അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തിയെങ്കിലും കേരളത്തിൽ നിന്ന് എല്ലാവരും വിട്ടുനിൽകുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ദേശീയ നേതൃത്വത്തിന് പ്രതീക്ഷ ഇല്ലെന്നാണ് അതിനർഥം.
എന്നാൽ ഇതൊന്നും ബി.ജെ.പി ദേശീയ നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് അവരുടെ സമീപനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കടുത്ത വിഭാഗീയതിയിൽ നട്ടംതിരിയുന്ന കേരള ബി ജെ പിയിലുള്ള അവിശ്വാസമാണ് ദേശീയ നേതൃത്വത്തിന്റെ വിട്ടുനിൽക്കലിൽ എത്തിയത്. 4 സിറ്റിങ് സീറ്റ് മാത്രമുള്ള ഹൈദരാബാദ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതൃത്വം കൂട്ടത്തോടെ തെലങ്കാനയിൽ എത്തിയിരുന്നു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി നേതൃത്വം വലിയ ആത്മവിശ്വാസവും അവകാശവാദവുമാണ് മുന്നോട്ടവക്കുന്നത്. അയ്യായിരത്തോളം വാർഡുകൾ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ വിവരം.
എന്നിട്ടും 34 സിറ്റിങ് സീറ്റുള്ള, ഇത്തവണ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം കോർപറേഷനിൽ പോലും കേരളത്തിന് പുറത്തുനിന്ന് ഒരു പ്രമുഖ ബി.ജെ.പി നോതാവും പ്രചാരണത്തിനെത്തിയില്ല. കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് താരപ്രചാകരൻ. ബി.ജെ.പി വിഭാഗീയതയിൽ ഒരേപക്ഷത്ത് നിൽക്കുന്ന നേതാക്കളാണ് വി. മുരളീധരനും കെ. സുരേന്ദ്രനും. ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്താത്തതിന് കൃത്യമായ വിശദീകരണം നൽകാൻ ഇവർക്കും കഴിയുന്നില്ല.