0 Comments

തിരുവനന്തപുരം:  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചു. കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഈ ജില്ലകളില്‍ വോട്ടെടുപ്പ്.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശം. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകുെമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവ ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടങ്ങള്‍ വരുന്ന പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും പകരം പലയിടത്തും റാലികളും യോഗങ്ങളും മറ്റും ഇത്തവണ വെര്‍ച്വലായാണ് നടന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു മിക്കയിടങ്ങളിലും പരസ്യപ്രചാരണം. പരസ്യ പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡില്‍ നിന്നു പുറത്തു പോകണമെന്നും നിര്‍ബന്ധമുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ അവര്‍ക്ക് ഇത് ബാധകമല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!