
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുടേതടക്കമുള്ള അറസ്റ്റുകൾ ഫാസിസ്റ്റ് നടപടിയെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധ പട്ക്കര്‍. സമാധാനപൂര്‍വ്വം നടക്കുന്ന സമരത്തെ എങ്ങനെ സമീപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത് മേധ പട്ക്കര്‍ പറഞ്ഞു.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയാണ് ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തത്. കെ.കെ. രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ഭാരത് ബന്ദിന്റെ ഭാഗമായുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി താന്‍ വീട്ടുതടങ്കലിലാണെന്ന് അറിയിച്ചു. പൊലീസ് വീട് വളഞ്ഞിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.