
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഇനിമുതൽ ആധാർ പോലെ ഡിജിറ്റലാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് അന്തിമതീരുമാനം വന്നു കഴിഞ്ഞാൽ വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും കഴിയും. വോട്ടെടുപ്പ് പാനൽ അന്തിമ തീരുമാനം എടുത്താൽ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനു മുമ്പ് ഈ പദ്ധതി നടപ്പാകുമെന്ന് സൂചനയുണ്ട്. രാജ്യത്തൊട്ടാകെയുള്ള വോട്ടർമാർക്ക് ഡിജിറ്റൽ ഇപിഐസി സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
വോട്ടെടുപ്പ് പാനൽ പദ്ധതി തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകാനുള്ള അനുമതി നൽകിയാൽ ഉടൻ തന്നെ വോട്ടർമാർക്ക് ഈ സൗകര്യം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പുതുതായി എൻറോൾ ചെയ്ത വോട്ടർമാർക്ക് ഈ സൗകര്യം ഓട്ടോമാറ്റിക്ക് ആയി തന്നെ ലഭിക്കുമെന്നും നിലവിലുള്ള വോട്ടർമാർക്ക് ഇത് ലഭിക്കാൻ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴി ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇ സി ഐയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൃത്യമായ പരിഗണനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ കണക്ഷനിൽ കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം പുതിയ വോട്ടർമാർക്ക് ഈ സൗകര്യം ലഭിക്കും. ഒരു വോട്ടർ കാർഡിനായി ഒരു പുതിയ അപേക്ഷയ്ക്ക് അധികാരികളുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അപേക്ഷകന് അത് ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കും. പദ്ധതി പ്രകാരം, ഇപിഐസിയുടെ ഡിജിറ്റൽ ഫോർമാറ്റിൽ വോട്ടറെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ക്യുആർ കോഡുകൾ ഉണ്ടാകും. ഒരു ക്യുആർ കോഡിൽ വോട്ടറുടെ പേരും മറ്റ് നിർദ്ദിഷ്ട വിശദാംശങ്ങളുമുണ്ടായിരിക്കും. രണ്ടാമത്തെ കോഡിൽ വോട്ടറുടെ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കും. ഇപിഐസിയുടെ ഡൗൺലോഡു ചെയ്ത പതിപ്പിലെ ക്യുആർ കോഡുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം നേടാനാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റ്റെ ഈ പദ്ധതി ഫലമണിഞ്ഞാൽ സർവീസ് വോട്ടർമാർക്കും വിദേശ വോട്ടർമാർക്കും അവരുടെ ഇപിഐസി ഡൗൺലോഡ് ചെയ്യാൻ കഴിയും. നിലവിൽ അവർക്ക് കൈയിൽ വെയ്ക്കാവുന്ന വോട്ടർ ഐഡി കാർഡുകൾ നൽകിയിട്ടില്ല. സ്ഥലം മാറിയതും പുതിയ പോളിംഗ് ബൂത്തുകളിൽ പേര് ചേർക്കുന്നതുമായ വോട്ടർമാർക്കും ഈ സൗകര്യം സഹായകമാകും. ഇതിനു പുറമെ, കാർഡുകൾ നഷ്ടപ്പെടുകയും പുതിയവയ്ക്ക് അപേക്ഷിക്കുകയും ചെയ്ത വോട്ടർമാർക്ക് പുതിയ കാർഡുകൾക്കായുള്ള അപേക്ഷകൾ അംഗീകരിച്ച ശേഷം ഈ സേവനം ഉപയോഗിക്കാൻ കഴിയും.