
തിരുവനന്തപുരം∙ സർക്കാർ–സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെയുള്ള രാജ്യവ്യാപകമായി നടക്കുന്ന സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്.
ഇന്ന് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടായിരിക്കില്ല.മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടക്കില്ല. ഐപി, അത്യാഹിത, ലേബർ റൂം, ഐസിയു വിഭാഗങ്ങൾ പ്രവർത്തിക്കും. കോവിഡ് ചികിത്സയെ പണിമുടക്ക് ബാധിക്കില്ല. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുവാദം നൽകിയ തീരുമാനത്തിനെതിരെ ഐഎംഎ രാജ്യവ്യാപക സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കുന്നുണ്ടെങ്കിലും പരിശീലനം നൽകാറില്ല . എന്നാൽ പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നതാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപ്പാക്കിയ നിയമ ഭേദഗതി.