
കൊച്ചി∙ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്കു കടക്കുന്നു. കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് ആൻഡ് വെൽത്ത് മാനേജ്മെന്റ് വിഭാഗമായ പേടിഎം മണിയിലൂടെയാണു സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഏറ്റവും ലളിതമായ സ്റ്റോക് ബ്രോക്കിങ് പ്ലാറ്റ്ഫോം എന്നതാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ഏറ്റവും ലളിതമായ രീതിയിൽ ഓഹരി നിക്ഷേപവും വിൽപനയും സാധ്യമാക്കും. സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വരുമാനത്തിന്റെ ചെറിയൊരു അംശം വരെ വളരെ എളുപ്പത്തിൽ നിക്ഷേപിക്കാം.
കമ്മിഷനെടുക്കാത്ത ഡയറക്ട് മ്യൂച്വൽ ഫണ്ടോടെയാണ് പേടിഎം മണിയുടെ തുടക്കം. വളരെ ലളിതമായി മിനിറ്റുകൾക്കുള്ളിൽ എസ്ഐപി, മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താവുന്ന സാഹചര്യവുമിന്നുണ്ട്. പേടിഎം മണി നാഷനൽ പെൻഷൻ സ്കീമും ആരംഭിച്ചു കഴിഞ്ഞു. നിക്ഷേപകരുടെ റിട്ടയർമെന്റ് സുരക്ഷിതമാക്കുന്ന പെൻഷൻ സ്കീം ആരംഭിക്കുന്ന ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്ഫോമാണു പേടിഎം. പേടിഎം മണിയിലൂടെ സ്വർണം വാങ്ങാം. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കാം.
മാർക്കറ്റ് റിസർച്ചിനുള്ള അവസരവും മാർക്കറ്റിലെ ചലനങ്ങൾ മനസ്സിലാക്കാനുള്ള വഴികളുമെല്ലാം ആപ്പിലുണ്ട്. കസ്റ്റമൈസ്ഡ് വാച്ച്ലിസ്റ്റ്, 50 സ്റ്റോക്കുകളുടെ പ്രൈസ് ലിസ്റ്റ് അലർട്ടുകൾ എന്നിവയും ഉപയോക്താക്കൾക്കു ലഭിക്കും. അതിനാൽ ഓഹരി വിൽപന ഇനി ലളിതമാണ്. ഇടപാടുകൾക്കു പ്രത്യേക ഫീസോ, ഇൻവെസ്റ്റ്മെന്റ് ഫീസോ ഒന്നും ഈടാക്കുന്നുമില്ല.