
കൊച്ചി: മനുഷ്യന്റെ ക്രൂരതയ്ക്ക് അതിരുകൾ ഇല്ലാതായിരിക്കുന്നു. അതിന്റെ ഒരു നേർകാഴ്ച്ചയാണ് നെടുമ്പാശേരി മേയ്ക്കാട് കരിമ്പാട്ടൂർ അഖിൽ പകർത്തിയ ദൃശ്യങ്ങൾ.
മാഞ്ഞാലി – അയിരൂർ റോഡിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. വളർത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകിൽ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച് ടാക്സി ഡ്രൈവർ കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെ (62) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം 3 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുണ്ട്. കാർ മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്തു.
കടുവാക്കാവ് അമ്പലം മുതൽ കണ്ണായ്ക്ക പാലം വരെയുള്ള അര കിലോമീറ്ററാണു നായയെ കെട്ടിവലിച്ചത്. കൊടുംവെയിലിൽ കാറിനു പിന്നാലെ കഷ്ടപ്പെട്ട് ഓടുന്ന നായയ്ക്കൊപ്പം തെരുവിൽ മറ്റുചില നായ്ക്കൾ ഓടി. ഇടയ്ക്കു നായ അവശതയോടെ റോഡിൽ വീണു നിരങ്ങിനീങ്ങി. എന്നിട്ടും കാർ നിർത്താതെ പോയി. ഇതിനെ ചോദ്യം ചെയ്തവരോടും തട്ടികയറുകയാണ് ചെയ്തത്.
മൂവാറ്റപുഴ ആസ്ഥാനമായ ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രവർത്തകർ നായയെ അവശനിലയിൽ കണ്ടെത്തി. നായയെ പറവൂർ വെറ്ററിനറി ആശുപത്രിയിൽ പരിശോധിച്ചു.