
ന്യൂഡൽഹി: വാക്സിൻ കുത്തിവെയ്പ് ആരംഭിക്കുമ്പോൾ ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. വാക്സിൻ സ്വീകരിച്ചയാളെ അരമണിക്കൂറോളം നിരീക്ഷിക്കും. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമായിരിക്കും വാക്സിൻ കുത്തിവെപ്പുകേന്ദ്രത്തിലുണ്ടായിരിക്കുക.
വാക്സിൻ കുത്തിവെപ്പു കേന്ദ്രങ്ങൾ എങ്ങനെ സജ്ജീകരിക്കണമെന്നും കുതിവയ്പ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുന്ന മാർഗരേഖ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി.
അരമണിക്കൂറിനുളളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റണം. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്യുണിറ്റി ഹാളുകൾക്ക് പുറമെ താത്കാലികമായി നിർമ്മിക്കുന്ന ടെന്റുകളിലും വാക്സിൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.