
വാഷിങ്ടൻ: ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവടങ്ങളിലെ 62 ഇലക്ടറൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസ് അറ്റോണി ജനറൽ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളി. ഇതോടെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാൻ ട്രംപിന് മുൻപിലുള്ള നിയമസാധ്യതകൾ ഏറെക്കുറെ അടഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാല് സ്റ്റേറ്റുകളിലെ 62 ഇലക്ടറൽ വോട്ടുകൾ ജോ ബൈഡനാണ് ലഭിച്ചിരുന്നത്. ഇതിനെതിരെയാണ് ടെക്സസിലെ റിപ്പബ്ലിക്കൻ അറ്റോണി ജനറലും ട്രംപിന്റെ അടുത്ത അനുയായിയുമായ കെൻ പാക്സ്റ്റൻ സുപ്രീം കോടതിയെ സമീപിച്ചത്. പിന്നീട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടി കക്ഷി ചേർന്ന കേസിലാണ് ഈ സുപ്രീം കോടതി വിധി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപ് നൽകിയ ഹർജികളെല്ലാം ഫെഡറൽ, സ്റ്റേറ്റ് കോടതികൾ തള്ളിയിരുന്നു.