
ചെന്നൈ: സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എംഎംടിസി) യിലെ ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് 2012 ൽ സുരാന കോർപറേഷന്റെ ഓഫിസിൽ റെയ്ഡ് നടത്തിയപ്പോൾ സിബിഐ പിടിച്ചെടുത്ത 400.5 കിലോഗ്രാം സ്വർണത്തിൽ കസ്റ്റഡിയിലിരിക്കെ കാണാതായ 45 കോടി രൂപയുടെ 103 കിലോ സ്വർണം എവിടെപ്പോയെന്നു തമിഴ്നാട് പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സിബിഐക്കു തിരിച്ചടിയായി.
പൊലീസ് അന്വേഷിക്കുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുമെന്നും അതിനാൽ സംസ്ഥാന പൊലീസിന് പകരം സിബിഐയോ ദേശീയ അന്വേഷണ ഏജൻസിയോ അന്വേഷിക്കണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത സിബിഐ അഭിഭാഷകന്റെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു.