
റോയൽ എൻഫീൽഡിൽനിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ക്രൂയിസർ ബൈക്കായ മീറ്റിയോർ 350 യൂറോപ്യൻ വിപണിയിലേക്ക് ചേക്കേറി. ബ്രിട്ടണിലെ റോയൽ എൻഫീൽഡിന്റെ ടെക് ടീമും ഇന്ത്യയിലെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗവും ചേർന്നാണ് മീറ്റിയോർ 350 ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന് വേരിയന്റുകളും യൂറോപ്പിലെ നിരത്തുകളിലുമെത്തും. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിന്റുകളിലാണ് മീറ്റിയോർ 350 ഇറങ്ങുന്നത്. ഫയർബോൾ യെല്ലോ, റെഡ് എന്നീ നിറങ്ങളിലും സ്റ്റെല്ലാർ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, സൂപ്പർനോവ ബൗൺ-ബ്ലു ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് നിരത്തിലിറങ്ങുക.
ക്രോം ബെസൽ ആവരണം നൽകിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോൾ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാൻഡിൽ ബാർ, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എൻജിൻ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.സെമി ഡിജിറ്റൽ ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ട്രിപ്പർ നാവിഗേഷൻ ഫീച്ചറുകൾ മൂന്ന് വേരിയന്റിലുമുണ്ട്.
ബ്രിട്ടണിൽ ഏകദേശം 3749 പൗണ്ടും (3.64 ലക്ഷം രൂപ) ഇറ്റലിയിൽ 4099 യൂറോയും (3.66 ലക്ഷം രൂപ) ആയിരിക്കും മീറ്റിയോറിന്റെ പ്രാരംഭ വില.