
ലഖ്നൗ: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സർക്കാർ ജയിലിലാക്കിയ ഡോ.കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
കഫീൽ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട അലഹബാദ് ഹൈക്കോടതി സെപ്റ്റംബർ ഒന്നിനാണ് ഡോ.കഫീൽ ഖാനെ വിട്ടയക്കാൻ ഉത്തരവിട്ടത്.
യുപി സർക്കാർ ഹർജിയിൽ കഫീൽ ഖാൻ പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ടെന്നും പറയുന്നുണ്ട്.