0 Comments

ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയോടു കേരള ബ്ലാസ്റ്റേഴ്സ് തോറ്റത് 2–4ന്. തുടക്കത്തിൽ പിന്നിലായിപ്പോയ എതിരാളികൾ ബ്ലാസ്റ്റേഴ്സിന്റെ  പ്രതിരോധപ്പിഴവുകളിലൂടെ മുന്നേറുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിച്ചുവരുകയായിരുന്നു.

തുടക്കം മുതൽ വ്യക്തമായ ഗെയിം പ്ലാനോടു കൂടി കളിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ആറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് കേരള ബോക്സിലേക്ക് കടന്നെങ്കിലും ഗോൾകീപ്പർ ആൽബിനോ ഗോമസ് തട്ടിയകറ്റി. 15-ാം മിനിറ്റിൽ ബെംഗളൂരു പ്രതിരോധവും കടന്ന് മുന്നേറിയ മുറെയുടെ നീക്കം ഗുർപ്രീതും തടഞ്ഞു. എന്നാൽ 17-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു.

ഹൂപ്പറിന്റെ ഒറ്റയാൾ മുന്നേറ്റം ഏറ്റെടുത്ത രാഹുൽ ഗുർപ്രീതിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 29-ാം മിനിറ്റിൽ ക്ലെയ്റ്റൻ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി ക്ലെയ്റ്റൻ ഗോൾ കണ്ടെത്തുകയായിരുന്നു. ലാൽറുവത്താരയുടെ മിസ്സിൽ നിന്ന് പന്ത് കൈക്കലാക്കിയ ക്ലെയ്റ്റൻ ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചു. ഇതോടെ പതുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സാവധാനം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പൊസെഷനിലും അറ്റാക്കിങ്ങിലും ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ ഞെട്ടിച്ചു. ഇഞ്ചുറി ടൈമിൽ മുറെ നടത്തിയ മുന്നേറ്റം ആഷിഖ് കുരുണിയൻ തടഞ്ഞു. ചലഞ്ചിന് മലയാളി താരത്തിന് യെല്ലോ കർഡും ലഭിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയതു കെ.പി.രാഹുലും (17’) ജോർദൻ മറിയും (61’). ബെംഗളൂരുവിനുവേണ്ടി ക്ലെയ്റ്റൻ സിൽവ (29’), ക്രിസ്റ്റ്യൻ ഓപ്സെത്ത് (51’), ദിമാസ് ദെൽഗാഡോ (53’), സുനിൽ ഛേത്രി (65’) എന്നിവർ ഗോൾ നേടി. ഇടവേളയിൽ സ്കോർ 1–1. സുനിൽ ഛേത്രിയുടെ പെനൽറ്റി കിക്ക് തടുത്ത് ഗോളി ആൽബിനോ ഗോമസ് ഒരിക്കൽക്കൂടി മഞ്ഞപ്പടയ്ക്കായി തിളങ്ങി. 5 കളികളിൽ 2 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 9–ാമത്. 9 പോയിന്റുമായി ബെംഗളൂരു 4–ാമത്.

Leave a Reply

Your email address will not be published. Required fields are marked *