
കൊച്ചി: ഫ്ളാറ്റിൽ നിന്നു വീണ് ജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെന്ന പേരിൽ എത്തിച്ച് പൂട്ടിയിട്ടതിന് ഫ്ളാറ്റ് ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം ഒളിവിൽ പോയ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്റെ പേരിലാണ് ഇയാൾ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനി കുമാരിക്ക് ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുമാരി മരിച്ചു. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചിരുന്നു.