
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടശേഷം നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.