
മുംബൈയിലെ ക്ലബ്ബില്‍ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഉള്‍പ്പെടെ അറസ്റ്റില്‍. ഡ്രാഗണ്‍ ഫ്ളൈ ക്ലബില്‍ നടന്ന റെയ്ഡിലാണ് ഗായകന് ഗുരു രണ്‍ധാവ, ബോളിവുഡ് സെലിബ്രിറ്റി സൂസന്നെ ഖാന് തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ക്ലബ് ജീവനക്കാര്‍ ഉള്‍പ്പെടെ 34 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതുനിര്‍ദേശങ്ങള്‍ നിരാകരിച്ചതിന് ഐപിസി 188ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാവുന്ന രോഗങ്ങള്‍ മനപൂര്‍വമോ അല്ലാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിനു 269ാം വകുപ്പുമാണ് ചുമത്തിയതെന്ന് സാഹര്‍ പോലിസ് അറിയിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നഗരസഭകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ചുവരെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.