0 Comments

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ജമ്മു കശ്മീരിലെ ആദ്യ വനിതാ പാസഞ്ചര്‍ ബസ് ഡ്രൈവര്‍ പൂജാദേവി. മൂന്ന് കുട്ടികളുടെ അമ്മയായ പൂജാദേവി വ്യാഴാഴ്ച ജമ്മു- കത്വ റൂട്ടില്‍ യാത്രക്കാരെ കയറ്റികൊണ്ടാണ് കര്‍മരംഗത്ത് തുടക്കം കുറിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ പൂജാദേവി ബസ് ഓടിക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

‘എനിക്ക് എല്ലായ്‌പ്പോഴും ഒരു ബസ് അല്ലെങ്കില്‍ ട്രക്ക് ഡ്രൈവര്‍ ആകാന്‍ ആഗ്രഹമുണ്ടായിരുന്നു. വലിയ
വാഹനങ്ങള്‍ ഓടിക്കുന്ന എന്നെ ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു. ഞാന്‍ വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വന്നയാളാണ്.

എന്റെ പിതാവ് ഒരു കര്‍ഷകനായിരുന്നു. എന്റെ കുടുംബത്തിന് എന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഞാന്‍ തീരുമാനിക്കുകയായിരുന്നു.’ ഇന്ത്യ ടുഡേ ടി.വിയോട് പൂജ പറഞ്ഞു.

ഒരു ബസ് ഡ്രൈവര്‍ ആകുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് പൂജ പറയുന്നത്. തന്റെ സ്വപ്നത്തിലേക്ക് എത്തിപ്പെടാന്‍ കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമുള്ള എതിര്‍പ്പ് ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ അവള്‍ക്ക് നേരിടേണ്ടിവന്നു.

ഡ്രൈവര്‍ ആകാനുള്ള തീരുമാനത്തെ ഭര്‍ത്താവ് തുടക്കത്തില്‍ എതിര്‍ത്തിരുന്നു. ഡ്രൈവിംഗ് സ്ത്രീകള്‍ക്ക് പറ്റിയ നല്ലൊരു തൊഴിലല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ തന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ പൂജാ തീരുമാനിക്കുകയായിരുന്നു.

അമ്മാവന്‍ രജീന്ദര്‍ സിങ്ങില്‍ നിന്നുമാണ് ട്രക്ക് ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തു.

‘തുടക്കത്തില്‍ ഞാന്‍ കാറുകള്‍ ഓടിക്കാറുണ്ടായിരുന്നു, പിന്നീട് ഞാന്‍ ഒരു ഡ്രൈവിംഗ് സ്കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി. ടാക്സികളും ഓടിക്കാറുണ്ടായിരുന്നു. പിന്നെ വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ തീരുമാനിച്ചു. രജീന്ദര്‍ സിംഗ് ജി എന്നെ ട്രക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു. ഓടിക്കാന്‍ ആരും എനിക്ക് ബസ് നല്‍കില്ലെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ജമ്മു-കത്വ ബസ് യൂണിയന്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു’ അവര്‍ പറഞ്ഞു.

പൂജക്കൊപ്പം ഏഴുവയസുകാരന്‍ മകനും കൂടാറുണ്ട്. അമ്മയെ പിരിഞ്ഞിരിക്കാന്‍ അവനു വളരെ ബുദ്ധിമുട്ടാണെന്നും വേറെ വഴികളൊന്നും ഇല്ലാതെയാണ് കൂടെകൂട്ടുന്നതെന്നുമാണ് പൂജാ പറയുന്നത്.

നിരവധിപേരാണ് യുവതിയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. പൂജാ ദേവിയില്‍ അഭിമാനം കൊള്ളൂന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!