
പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതു കക്ഷികളുമായി സഖ്യത്തില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നു. സഖ്യം വേണമെന്ന കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയുണ്ടായി.
സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകാതെ തുടങ്ങുമെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി പറയുകയുണ്ടായി. തൃണമൂലിനും ബിജെപിക്കും പുറമേ കോണ്‍ഗ്രസ്-ഇടതു കൂട്ടുകെട്ടും നിലവില്‍ എത്തിയതോടെ, സംസ്ഥാനത്ത് ത്രികോണ പോരാട്ടത്തിനു വഴിയൊരുങ്ങിയിരിക്കുകയാണ്.
കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ വേണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കഴിഞ്ഞ ഒക്ടോബറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയുണ്ടായി. തുടര്‍ന്നാണു സമാന ആവശ്യവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്.