0 Comments

ഡല്‍ഹിയില്‍ ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടാണ് മോദിയുടെ വാക്കുകള്‍. ഇന്ത്യയില്‍ ‘ജനാധിപത്യം ഇല്ല’ എന്നും പ്രധാനമന്ത്രിക്കെതിരെ നിലകൊള്ളുന്നവരെ തീവ്രവാദികളെന്ന് മുദ്ര കുത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘എന്നെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആളുകള്‍ ഡല്‍ഹിയിലുണ്ട്. ജനാധിപത്യത്തിന്റെ പാഠങ്ങള്‍ എന്നെ പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ജമ്മു കശ്മീര്‍ ഡി.ഡി.സി (ജില്ലാ വികസന കൗണ്‍സില്‍) തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമായി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ കേന്ദ്രഭരണ പ്രദേശത്തെ എല്ലാ താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ചില രാഷ്ട്രീയ ശക്തികള്‍ ജനാധിപത്യത്തെ കുറിച്ച്‌ പ്രഭാഷണം നടത്തുന്നുണ്ടെങ്കിലും അവരുടെ തട്ടിപ്പും പൊള്ളത്തരവും നോക്കൂ, സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും പുതുച്ചേരിയില്‍ ഭരിക്കുന്ന പാര്‍ട്ടി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല, അതേസമയം ജമ്മു കശ്മീര്‍ ഒരു കേന്ദ്ര ഭരണ പ്രദേശം ആയി ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് തലത്തിലുള്ള തിരഞ്ഞെടുപ്പ് നടത്തി,’ പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തിയെന്നും എട്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ 20 ജില്ലകളിലായി നടന്ന ആദ്യ ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) വോട്ടെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കര്‍ സഖ്യം കോണ്‍ഗ്രസിനൊപ്പം 13 ജില്ലകളില്‍ വിജയിച്ചു. ജമ്മുവിലെ ആറ് ജില്ലകളില്‍ ബി.ജെ.പി വിജയിച്ചു. കശ്മീരില്‍ ആദ്യമായി വിജയിച്ച ശേഷം താഴ്വരയില്‍ താമര വിരിഞ്ഞതായി ബി.ജെ.പി പറഞ്ഞു.

എന്നാല്‍, ഫലങ്ങള്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം, കുതിരക്കച്ചവടത്തിനും കൂറുമാറ്റത്തിനും സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആരോപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച ഒരു തദ്ദേശ സ്വയംഭരണ അംഗം മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുല്ല ഈ ആരോപണം ഉന്നയിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *