0 Comments

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നടത്തിപ്പിൽ ഏറെ മാറ്റങ്ങളുമായാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേള സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നത്. ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. തിരുവനന്തപുരം മാത്രം വേദിയായിരുന്ന മേള നാല് ജില്ലകളിലായ് നാല് ഘട്ടങ്ങളിൽ നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും മേള.

തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. മേളക്കായി തിയേറ്ററുകൾ തുറക്കുമെങ്കിലും സിനിമാശാലകളുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം കോവിഡ് വ്യാപന തോത് നോക്കിയ ശേഷം മാത്രമേ തീരുമാനിക്കൂ. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഈ വർഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വർഷം മുതൽ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.

ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആൾക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!