0 Comments

ന്യൂഡല്‍ഹി:  രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സീന്‍ ഉപയോഗത്തിനു വിദഗ്ധ സമിതിയുടെ ശുപാർശ. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ ഉപയോഗത്തിനാണു ശുപാർശ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വാക്സിൻ വിതരണത്തിന് രാജ്യം പൂർണ്ണമായും സജ്ജമാണെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.

യുകെ, ബ്രസീല്‍ എന്നിവിടങ്ങളിൽ നടന്ന ട്രയൽ അനുസരിച്ച് കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇതിന് പുറമെ ഭാരത് ബയോടെക്കിന്‍റെയും വിദേശ സ്വകാര്യകമ്പനിയായ ഫൈസറിന്‍റെയും മറ്റ് രണ്ട് വാക്സിനുികൾക്കു കൂടി അനുമതി നൽകുന്നത് സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിച്ച് വരുന്നുണ്ട്.

കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ അടുത്ത ദിവസം രാജ്യമാകെ ‘ഡ്രൈ റണ്‍’ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു നിർണ്ണായക റിപ്പോർട്ടെത്തുന്നത്. ശുപാർശയിൽ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കിയാൽ ഇന്ത്യയിൽ വാക്‌സീന്‍ വിതരണ ദൗത്യത്തിനു തുടക്കമാകും.

കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്‌സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കി. കോവിഡ് വാക്‌സീന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്‍പ്‍ലൈൻ നമ്പരായ 1075ലും ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *