
ചലച്ചിത്ര അക്കാദമിയിലെ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ, സംവിധായകൻ കമലിൻ്റെ കത്ത് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ സമ്മേളനത്തിലിടയിലാണ് പ്രതിപക്ഷ നേതാവ് കത്ത്പുറത്ത് വിട്ടത്. സംഭവം വൻ വിവാദമായത് സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. തസ്തികയിലുള്ള നാല് ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നത് കൊണ്ട്, സാമ്പത്തിക ബാധ്യതവരില്ലന്നും, അക്കാദമിയുടെ നേട്ടങ്ങൾക്ക് പിന്നിൽ ഇവരുടെ വലിയ സംഭാവനകളുണ്ടന്നും, ഇടത്പക്ഷ സഹയാത്രികരായ ഇവരെ സ്ഥിരപ്പെടുത്തണമെന്നുമാണ് കമൽ കത്തിലൂടെ ആവശ്യപ്പെട്ടത്.സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് കത്തയച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അനധികൃതമായി ഒരു നിയമനവും നടത്തിയിട്ടില്ലന്നാണ് സർക്കാർ നിലപാട്.