
ശിശുക്ഷേമ സമിതിയിൽ നിന്നും പോറ്റി വളർത്താനെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ വിവരങ്ങൾ വ്യാജം. സി.ജി ശശികുമാറെന്നയാളാണ്, കൂത്തുപറമ്പിൽ അറസ്റ്റിലായത്. 2016 ലാണ് ഇയാൾ, എറണാകുളം ശിശുക്ഷേമ സമിതിയിൽ നിന്നും 14 വയസുള്ള പെൺകുട്ടിയെ വളർത്താൻ ഏറ്റെടുത്തത്.
2017 മുതൽ ഇയാൾ പെൺകുട്ടിയെ പീഢനത്തിനിരയാക്കിയിരുന്നു. ഒരു തവണ പെൺകുട്ടി ഗർഭിണിയായി, ഗർഭം ഇയാൾ രഹസ്യമായി അലസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം, പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
വിമുക്ത ഭടനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി, പെൺകുട്ടിയെ ഏറ്റെടുത്തത്. സംഭവം ഒളിപ്പിച്ചതിന് പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. പ്രതി മുൻപും രണ്ട് തവണ വിവാഹിതനായിട്ടുണ്ടെന്നായിരുന്നു വിവരം. സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് വന്നിരിക്കുകയാണ്.ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് മെച്ചപ്പെട്ട സംരക്ഷണവും,സുരക്ഷിതത്വവും ലഭിക്കുന്നതിനാണ് ചെറിയ കാലയളവിലേക്ക് പോറ്റി വളർത്താൻ നൽകുന്ന സർക്കാർ പദ്ധതി. ഇങ്ങനെ ഏറ്റെടുക്കുന്ന കുടുംബത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത്, അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിലെ വിവരം.