0 Comments

യാങ്കൂൺ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി.മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെയുള്ള മ്യാൻമറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. തിരഞ്ഞെടുപ്പിനു ശേഷം ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം.

പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് നാഷനൽ ലീഗ്​ ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് സ്ഥിരീകരിച്ചു.

തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് സൈന്യം. എന്നാല്‍ അട്ടിമറി സംബന്ധിച്ച് സ്ഥിരീകരണം മ്യാന്‍മാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 476 സീറ്റിൽ 396 സീറ്റും സൂചി നേടി. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാർട്ടിയായ യുഎസ്ഡിപി ഈ വിജയം അംഗീകരിച്ചില്ല. 50 വർഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി അധികാരത്തിലെത്തിയത്. നൊബേൽ സമാധാന ജേതാവായ സൂചിയുടെ ജനപ്രീതിയാണ് അതിന് സഹായിച്ചത്. ആങ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്നകറ്റിനിര്‍ത്തി സൈന്യത്തിന് വ്യക്തമായ അധികാരം നല്‍കുന്ന തീതിയിലാണ് മ്യാന്‍മാറിന്റെ നിലവിലെ ഭരണഘടനയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *