0 Comments

കൊല്ലം: സംസ്ഥാനത്തെ ആദ്യ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇനി കൊല്ലത്തിന് സ്വന്തം. ചാത്തന്നൂരില്‍ നിര്‍മിച്ച ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പോലീസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കുറ്റവിചാരണയും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കൃത്യമായ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തുന്ന തൊണ്ടിമുതല്‍ ശേഖരിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച്‌ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഫോറന്‍സിക് ലബോറട്ടറി വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് ആസ്ഥാനത്തെ പ്രധാന ലബോറട്ടറിക്ക് പുറമെ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം എന്നീ റീജിയണല്‍ ലബോറട്ടറികളും നിലവില്‍ പ്രവര്‍ത്തിക്കുന്നു.പതിന്നാല് റവന്യൂ ജില്ലകളിലും ജില്ലാതല ലബോറട്ടറികള്‍ തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ചാത്തന്നൂരില്‍ പുതിയ കെട്ടിടത്തില്‍ ഫോറന്‍സിക് ലബോറട്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ അധ്യക്ഷയായി. കേരളാ പോലീസിന് അഭിമാനിക്കുന്ന ദിവസമാണ് ഇന്നെന്ന് മന്ത്രി പറഞ്ഞു.

പോലീസ് സംവിധാനത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ജില്ലകളില്‍ ആദ്യത്തെ ലബോറട്ടറി കൊല്ലത്താണ്. ഇത് കൃത്യമായും സമായബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച്‌ കേസ് അന്വേഷണം കുറ്റമറ്റതും കാര്യക്ഷമവും വേഗതയിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നത്.

ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി തുടങ്ങിയ മൂന്ന് വിഭാഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. താമസിയാതെ സൈബര്‍ ഫോറന്‍സിക് വിഭാഗവും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പരിശോധന ഫലത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ചാത്തന്നൂരില്‍ ലബോറട്ടറി ആരംഭിക്കുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സാധിക്കുകയും ചെയ്യും.

ജി എസ് ജയലാല്‍ എം എല്‍ എ, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, കെ പി ഒ എ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുഹമ്മദ് ഖാന്‍, കെ പി എ കൊല്ലം സിറ്റി സെക്രട്ടറി ജിജു സി നായര്‍, എഫ് എസ് എല്‍ തിരുവനന്തപുരം ജോയിന്റ് ഡയറക്ടര്‍ കെ പ്രദീപ് സജി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *