0 Comments

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പിന് തിങ്കളാഴ്ച കൊടിയേറ്റം. പാലക്കാടൻ പതിപ്പിന് അഞ്ച് തിയേറ്ററുകളാണ് ആതിഥ്യം വഹിക്കുന്നത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം വന്നതോടെ രാഷ്ട്രീയക്കാർക്ക് വേദി പങ്കിടാനാകില്ല. നാലിടത്തായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനവും പാലക്കാട്ടാവുമെന്നതും മറ്റൊരു ആകർഷണമാണ്. നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് ഐ.എഫ്.എഫ്.കെ.യിലെ പുരസ്കാരവിതരണവും പാലക്കാട്ടാകുമ്പോൾ വലിയശ്രദ്ധ നേടുകയാണ് പാലക്കാട്. സുവർണചകോരം, രജതചകോരം, ഫിപ്രസി പുരസ്കാരം, നെറ്റ് പാക്, എഫ്.എഫ്.എസ്.ഐ. അവാർഡുകൾ, പ്രേക്ഷകപുരസ്കാരം എന്നിവയാണ് സമ്മാനിക്കുക.

ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം ‘ ക്വോവാഡിസ് ഐഡ’ പ്രദർശിപ്പിക്കും. പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യമൂവീസ്, ശ്രീദുർഗ എന്നീ തിയേറ്ററുകളിലായാണ് മേള. മുഖ്യവേദിയായ പ്രിയ കോംപ്ലക്സിൽ എക്സിബിഷൻ, ഓപ്പൺഫോറം എന്നിവയുമുണ്ടാകും. തിങ്കളാഴ്ച വൈകീട്ടാണ് ഉദ്ഘാടനം. മാർച്ച് ഒന്ന് മുതൽ അഞ്ചുവരെയാണ് മേള.

25 വർഷം പൂർത്തിയാക്കിയ ഐ.എഫ്.എഫ്.കെ.യുടെ സ്മരണകൾ പുതുക്കുന്ന പ്രദർശനമേള @25 മാർച്ച് രണ്ടിന് 11 മുതൽ ആരംഭിക്കും. മാർച്ച് അഞ്ചിന് വൈകീട്ട് ആറിന് പ്രിയ തിയേറ്റർ കോംപ്ലക്സിൽ സമാപനച്ചടങ്ങ് നടക്കും.

മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായും സമാപനദിനത്തിൽ മന്ത്രി എ.കെ. ബാലൻ പുരസ്കാരവിതരണം നടത്താനുമായിരുന്നു നിശ്ചയിച്ചത്. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ മാറിച്ചിന്തിക്കേണ്ടി വന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സിനിമാരംഗത്തുള്ളവരാകും ഉദ്ഘാടനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാലുപതിപ്പായി ചലച്ചിത്രോത്സവം നടത്താൻ നിശ്ചയിച്ചപ്പോൾ ആദ്യം പാലക്കാടിന്റെ പേരുണ്ടായിരുന്നില്ല. തുടർന്ന്, മന്ത്രി എ.കെ. ബാലൻ പ്രത്യേക താത്‌പര്യമെടുത്താണ് പാലക്കാടിനെയും ഉൾപ്പെടുത്തിയതെന്നും കമൽ പറഞ്ഞു. മേളക്കെത്തുന്നവർക്ക് കോവിഡ് പരിശോധനാസൗകര്യം താരേക്കാട് എൻ.ജി.ഒ. യൂണിയൻ ഹാളിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ടി.ആർ. അജയൻ പറഞ്ഞു. സംവിധായകരായ സിബിമലയിൽ, പ്രിയനന്ദനൻ, നടിമാരായ അനുമോൾ, സജിത മഠത്തിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!