kk_shailaj teacher
0 Comments

കോട്ടയം: ശബരിമലയുടെ പേരില്‍ ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സത്യവാങ്മൂലം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് രോഗികളുടെ എണ്ണമുയരാനുള്ള സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നില്‍കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭയപ്പെടേണ്ട രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടല്‍. നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും കര്‍ശനമായി നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തേയും കെ.കെ ശൈലജ വിമര്‍ശിച്ചു. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വളരെ മോശം പരാമര്‍ശം നടത്തുന്നതെന്നും ഇത് ജനം അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.

കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാര്‍ഥിയും ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പൂതന പ്രയോഗമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൂതന പ്രയോഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പിന്നീട് ശോഭാ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ശോഭയുടെ പൂതന പ്രയോഗത്തോട് കടകംപള്ളി മിതഭാഷയിലായിരുന്നു പ്രതികരിച്ചത്. പൂതന പ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിനു ‘ജനം വിലയിരുത്തട്ടെ’ എന്നായിരുന്നു കടകംപള്ളി മറുപടി നല്‍കിയത്.

താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണെന്നും, സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും കടകംപള്ളി പറഞ്ഞിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!