0 Comments

കൊച്ചി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല വിഷയത്തില്‍ സി.പി.എം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു.

ശബരിമലയില്‍ അതിക്രൂരമായി വിശ്വാസികളെ നേരിട്ടുവെന്നും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമെന്നും അമിത് ഷാ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനും അമിത് ഷാ മറുപടി നല്‍കി. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്.

ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. കേരളത്തില്‍ തുടര്‍ഭരണം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ബിജെപി മികച്ച പ്രകടനമാകും ഇത്തവണ കാഴ്ചവയ്ക്കുകയെന്നും അമിത് ഷാ പറഞ്ഞു.

തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശത്തോടെ സ്ഥലത്തെത്തിയത്.

 

പിഎസ്‌സി മുന്‍ അധ്യക്ഷന്‍ ഡോ കെ എസ് രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, സ്ഥാനാര്‍ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ എന്നിവരാണ് അമിത് ഷായ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

 

തെയ്യം, സ്ത്രീകളുടെ ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്ഷോ എന്‍ഡിഎ പ്രവര്‍ത്തകരെ ആവേശത്തിലാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *