cbi 1111
0 Comments

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാര്‍ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സി ബി ഐ ഡയറക്ടര്‍ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷണം സംബന്ധിച്ച സി ബി ഐ നിലപാട് രണ്ട് ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി അറിയിച്ചു. കെ പി സി സി അധ്യക്ഷനായി ഇരിക്കാന്‍ യോഗ്യതയില്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും പരാതിക്കാരി പറഞ്ഞു.

ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തിയാണ് പരാതിക്കാരി ഡയറക്ടറെ കണ്ടത്. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം അതിശക്തമാണെന്നും,തനിക്കെതിരെ വധശ്രമം പോലും ഉണ്ടായെന്നും പരാതിക്കാരി പറഞ്ഞു. സോളാര്‍ കേസ് തിരഞ്ഞെടുപ്പ് ആയപ്പോള്‍ അല്ല വന്നത്. തെരഞ്ഞെടുപ്പ് ആയപ്പോള്‍ വന്നതെന്ന് മുള്ളപ്പള്ളി രാമചന്ദ്രന് തോന്നിയതാകുമെന്നു പരാതിക്കാരി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാര്‍ പീഡനക്കേസുകള്‍ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്ക് എതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിര്‍ണായകമായ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ ഐ സി സി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാല്‍, മുന്‍മന്ത്രി അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡന പരാതികളാണ് സി ബി ഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐക്ക് കൈമാറിയിരിക്കുന്നത്.

എന്നാല്‍, ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *