0 Comments

പുണെ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്ത്. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ താരത്തിന്റെ ഇടത്തേ തോളെല്ലിന്റെ സ്ഥാനം തെറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്.  ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിന് ഇടയില്‍ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് ശ്രേയസ് അയ്യറിന് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസിന്റെ ഇടം തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഫസ്റ്റ്‌എയ്ഡ് നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് തിരികെ അയച്ചു. ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡ് ആയി എന്നാണ് സ്കാന്‍ ചെയ്തപ്പോള്‍ മനസ്സിലായത്.

ഐ.പി.എല്ലിലെ മത്സരങ്ങളും ശ്രേയസ്സിന് നഷ്ടമായേക്കും. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്. പരിചയ സമ്പന്നനായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നായകസ്ഥാനത്തേക്കു വരാനിടയുള്ള ഒരു താരം. അവസാന വർഷ ഐ പി എല്ലിലെ ഒരു മൽസരത്തിനിടെ ശ്രേയസിനു പരിക്കേറ്റപ്പോള്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!