0 Comments

പത്തനംതിട്ട: മൂന്ന് മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്തിയ ആൾ തിരിച്ചെത്തി. പത്തനംതിട്ട പന്തളം കുടശനാട് സ്വദേശി സാബു ജേക്കബിനെയാണ് മാസങ്ങൾക്കിപ്പുറം സുഹൃത്ത് കണ്ടെത്തിയത്.  ഇതോടെ, ഇദ്ദേഹത്തിന്റേതെന്നുകരുതി മൂന്നുമാസംമുമ്പ് സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നു കണ്ടെത്താൻ പോലീസിന്റെ തത്രപ്പാടും തുടങ്ങി.

കാറ്ററിങ്, ഹോട്ടൽ, ബസ് ക്ലീനർ ജോലികൾ ചെയ്തിരുന്ന സാബു വല്ലപ്പോഴുമേ വീട്ടിൽ വന്നിരുന്നുള്ളൂ. ചെറിയ മോഷണങ്ങളും നടത്തിയിരുന്നു. ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നു 2020 നവംബറിൽ 46,000 രൂപ മോഷ്ടിച്ചെന്ന കേസിൽ സാബുവിനെ തിരുവനന്തപുരം പോലീസ് അറസ്റ്റുചെയ്ത് കൊണ്ടു പോയി. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. ഡിസംബർ 24-ന് പാലായ്ക്കടുത്ത് ഇടപ്പാടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാനായി പാലാ പോലീസ്, മറ്റ് സ്‌റ്റേഷനുകളിലേക്ക് ചിത്രംസഹിതം സന്ദേശം അയച്ചു. ഇത് സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പോലീസ്, ഇയാളുടെ സഹോദരൻ സജിയുമായി ബന്ധപ്പെട്ടു. പാലാ പോലീസും മരിച്ചയാളിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തു.

ഡിസംബർ 26-ന് പാലായിലെത്തിയ സഹോദരൻ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു സംശയവും ഇല്ലായിരുന്നെന്ന് സഹോദരൻ സജി പറഞ്ഞു. പോലീസ് നടപടിക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം 30-ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. 84 ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് സാബു തിരിച്ചുവന്നത്.

സാബുവിന്റെ കൂടെ മുമ്പ്സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്ന ആളാണ് കായകുളത്ത് വച്ച് സാബുവിനെ വീണ്ടും കണ്ടതും വാർഡ് കൗൺസിലറെ വിവരമറിയിച്ചതും. സെന്റ് സ്റ്റീഫൻ പളളി സെമിത്തേരിയിൽ അന്ന് സംസ്കരിച്ച ആ അജ്ഞാത മൃതദേഹം ആരുടേതെന്നാണ് ഇനി അറിയേണ്ടത്. മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!