
വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന.
സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിലും പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. കേരളത്തിലെ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടക്കുകയാണ്. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസീസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.