0 Comments

കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. മത്സരത്തിന്റെ അവസാന ഇരുപതുമിനിറ്റിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത കിരീട വിജയം ഗോകുലം എഫ്‌സി സമ്മാനിച്ചത്. അതുവരെ മണിപ്പൂരിന്റെ ട്രാവൂ എഫ് സിക്ക് നേരെ വീശിക്കൊണ്ടിരുന്ന വിജയക്കാറ്റ് ഗതിമാറി തിരികെ വീശുകയായിരുന്നു.

ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

മത്സരത്തിന്റെ എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം എഫ് സി അവസാന ഇരുപത് മിനിറ്റിലും ഇഞ്ചുറി ടൈമിലുൾപ്പടെ മൂന്ന് ഗോളുകൾ പായിച്ചാണ് കിരീടം സ്വന്തമാക്കിയത്. 70-ാം മിനിറ്റിൽ ഷെരീഷ് മുഹമ്മദാണ് ഗോകുലം എഫ്‌സിക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 74-ാം മിനിറ്റിൽ എമിൽ ബെന്നി, 77-ാം മിനിറ്റിൽ ഡെന്നിസ് അഗ്യാരെ, ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ മുഹമ്മദ് റാഷിദ് എന്നിവരും ഗോൾ നേടി. ലീഗിൽ ഉടനീളം മികച്ച മത്സരം കാഴ്‌ചവച്ചാണ് ഗോകുലം കിരീടം ഉറപ്പിച്ചത്.

ലീഗിൽ 15 മത്സരങ്ങളിൽ നിന്നായി ഒൻപത് വിജയവും രണ്ട് സമനിലയുമായി 29 പോയിന്റായിരുന്നു ഗോകുലത്തിന്റെ സമ്പാദ്യം. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈയോട് രണ്ട് ഗോളുകൾക്ക് തോറ്റാണ് ഗോകുലം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!