0 Comments

പുണെ: ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്. അപ്രതീക്ഷിതമായ ഇന്നിങ്സുമായി മധ്യനിരയില്‍ കളം നിറഞ്ഞ സാം കറനും അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനും ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും മൂന്ന് വിക്കറ്റുകള്‍ പിഴുത ഭൂവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇംഗ്ലണ്ട് നിരയെ പിടിച്ചുകെട്ടി.

ടെസ്റ്റ് പരമ്പരയില്‍ (3-1)ന് ഇന്ത്യ വിജയിച്ചപ്പോള്‍, ടി20യിലും അത് തന്നെ ആവര്‍ത്തിച്ചു. ആതിഥേയരുടെ വിജയം (3-2)ന്. ഇപ്പോഴിതാ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന് കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു വിധി. സ്വന്തം നാട്ടില്‍ നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ മൃഗീയ ആധിപത്യം.

എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 28 റണ്‍സെടുക്കുന്നതിനിടെ തന്നെ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍-ക്രുനാല്‍ പാണഡ്യ കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ വീണതാണ് 350 റണ്‍സിലേക്കെത്തേണ്ട സ്‌കോര്‍ 329ല്‍ ഒതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!