
കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്ത്തകന് മര്‍ദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. കോഴിക്കോട് കക്കോടിയില്‍ സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.
ആദ്യം തുറന്ന വാഹനത്തിലായിരുന്നു സ്മൃതി ഇറാനി റോഡ് ഷോ നടത്തിയത്. പിന്നീട് യാത്ര സ്കൂട്ടറിലാക്കുകയായിരുന്നു. ഇതിനിടെ സ്മൃതിയുടെ ചിത്രം പകര്‍ത്താന്‍ വാഹനത്തിന് മുന്നിലൂടെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി. ഇതിനിടെ യാത്ര കക്കോടി പൊക്കിരാത്ത് ബില്‍ഡിംഗിന് സമീപത്ത് എത്തിയതോടെ ബി.ജെ.പി പ്രവര്ത്തകന് ദിനേശിനോട് തട്ടിക്കയറുകയും ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതോടെ കൂടുതല്‍ ആളുകള്‍ ദിനേശിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ സംഘടിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെ ദിനേശ് ബി.ജെ.പി മുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണെന്നും മര്‍ദ്ദിക്കരുതെന്നും ആവശ്യപ്പെട്ടതോടെ മര്‍ദ്ദനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുകയും ബി.ജെ.പി നേതാക്കളോട് പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ജാഥയില്‍ നുഴഞ്ഞ് കയറിയ സി.പി.ഐ.എം പ്രവര്‍ത്തകരായിരിക്കും മര്‍ദ്ദിച്ചതെന്നായിരുന്നു നേതാക്കളുടെ മറുപടി.