
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കലാശക്കൊട്ടിന് പകരം വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നീങ്ങേണ്ടിവരും.