0 Comments

കൊച്ചി: മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മേജര്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. 2021 ജൂലൈ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജർ’. ഈ ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഏപ്രിൽ 12ന് മലയാളം ടീസറും പുറത്തിറങ്ങാനിരിക്കുകയാണ്. അടുത്തിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ഹൈസ്കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ സഹപാഠിയായ സായി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവർ‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *