0 Comments

മസ്‌കത്ത്:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു സുപ്രീം കമ്മിറ്റി. റമസാന്‍ മാസത്തില്‍ രാത്രിയാത്രാ വിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തി. ഒമാനിലേക്കുള്ള പ്രവേശനം പൗരന്മാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചയ്‍ക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിന് മുന്നോടിയായി നിരവധി നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി  പ്രഖ്യാപിച്ചു. റമസാന്‍ മാസത്തില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് വിലക്കുകള്‍. നിലവില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് യാത്രാ – വ്യാപാര വിലക്കുകള്‍. ഇത് ഏപ്രില്‍ എട്ട് വരെ തുടരും. ശേഷം റമസാന്‍ ഒന്ന് വരെ ഈ സമയം വ്യാപാര വിലക്ക് മാത്രമായിരിക്കും നിലനില്‍ക്കുക. വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചാര അനുമതിയുണ്ടാകും.

ഏപ്രില്‍ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമാനിലേക്കുള്ള പ്രവേശനാനുമതി സ്വദേശികള്‍ക്കും റസിഡന്റ് വീസയിലുള്ളവര്‍ക്കും മാത്രമായിരിക്കും. സന്ദര്‍ശന വീസക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ല. റമസാനില്‍ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് (രാത്രി നിസ്‌കാരം) നിസ്‌കാരത്തിന് അനുമതിയുണ്ടാകില്ല.  പള്ളികളിലും പൊതു ഇടങ്ങളിലും ഇഫ്താറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. റമസാനില്‍ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. സാമൂഹിക-സാംസ്‌കാരിക-കായിക പരിപാടികള്‍ക്കും വിലക്ക് നിലനില്‍ക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *