0 Comments

പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസുകാരി മർദ്ദനമേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട രണ്ടാനച്ഛന്‍  അലക്‌സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ  പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ഇയാള്‍ക്കുവേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്‌സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്.

കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടാനച്ഛന്‍ അലക്‌സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മര്‍ദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ എത്തിച്ച സമീപവാസികള്‍ പറയുന്നത് കുട്ടിയുടെ രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ്. വീട്ടുജോലി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് മര്‍ദനമേറ്റത്. സമീപത്തെ കടയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ കഴുത്തിലുള്‍പ്പെടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *