0 Comments

കണ്ണൂർ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. മരണകാരണം ഇടതുകാൽമുട്ടിന് താഴെയുണ്ടായ മുറിവാണെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ബോംബേറിൽ മൻസൂറിന്റെ കാല് ചിതറി പോയെന്നും തുടർന്നുണ്ടായ മുറിവും രക്തം വാർന്നതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കാലിന്റെ മുട്ടിന് താഴേക്ക് പൂർണമായും ചിതറിപ്പോയിരുന്നു.

മൻസൂറിന്റെ സഹോദരനായ മൊഹ്‌സിനെ അക്രമിക്കാനാണ് അക്രമകാരികൾ എത്തിയത്. ആ സമയത്ത് മൻസൂർ ഇടപെട്ടു. തുടർന്ന് മുൻസൂറിനെയും അക്രമിച്ചു. ഇതിന് പിന്നാലെ അക്രമകാരികൾ ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ മൻസൂറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയിരുന്നു. മൊഹ്‌സിൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *