0 Comments

ടെഹ്​റാൻ: യെമനിനോട്​ ചേർന്ന്​ ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. ജിബൂട്ടി തീരത്തിനു സമീപത്തു കിടന്ന കപ്പലിനു നേരെ ചൊവ്വാഴ്ച പുലർച്ചെ ആറു മണിക്കാണു ആക്രമണമുണ്ടായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് എംവി സാവിസ് എന്ന കപ്പലിന് ചെറിയ തകരാറുകൾ ഉണ്ടായി. ഇറാൻ പാരാമിലിറ്ററി റവല്യൂഷനറി ഗാർഡിന്റെ താവളമായിരുന്നു കപ്പലെന്നു കരുതപ്പെടുന്നു.

സാവിസ് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കപ്പലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്സാദെ വ്യക്തമാക്കി. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷനിൽ റജസിറ്റർ ചെയ്തിട്ടുള്ള കപ്പൽ കടൽ കൊള്ളക്കാരെ തുരത്തുന്നതിന്റെ ഭാഗമായുള്ള ‘ലോജിസ്റ്റിക്സ് സ്റ്റേഷൻ’ ആയാണ് ഉപയോഗിക്കുന്നതെന്നാണ് ഇറാന്റെ വാദം.

സർക്കാറിനു കീഴിലെ ഇസ്​ലാമിക്​ റിപ്പബ്ലിക്​ ഓഫ്​ ഇറാൻ ഷിപ്പിങ്​ ലൈൻസ്​ എന്ന കമ്പനിയുടെ ഉടമസ്​ഥതയിലുള്ള മാവിസ്​ കപ്പൽ 2016ലാണ്​ ചെങ്കടലിലെത്തിയത്​. പരിസരങ്ങളിൽ തുടരുന്ന കപ്പലിൽ ഇടവിട്ട്​ അവശ്യ വസ്​തുക്കൾ എത്തിക്കുന്നതായാണ്​ റിപ്പോർട്ട്​. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ്​ ഇളവ്​ ലഭിച്ചത്​. ട്രംപ്​ ഭരണകാലത്ത്​ കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.

Leave a Reply

Your email address will not be published. Required fields are marked *