
മുംബൈ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിക്കെതിരെ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റീൻ നടത്തിയ ട്വീറ്റിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ‘ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരുമായിരുന്നു’ എന്ന തസ്ലീമ നസ്റീന്റെ ട്വീറ്റാണ് വൻ വിവാദത്തിന് തിരി കൊളുത്തിയത്. മോയിൻ അലിയെ പിന്തുണച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. ഇതിനു പിന്നാലെ തസ്ലീമ നസ്റീൻ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
തസ്ലീമ നസ്റിന്റെ ട്വീറ്റിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ജോഫ്ര ആര്‍ച്ചറും സാം ബില്ലിംഗ്സും സാഖിബ് മഹ്മൂദും ബെന്‍ ഡക്കറ്റുമെല്ലാം പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
ഈ മാസം അഞ്ചിനാണ് മോയിൻ അലിയുമായി ബന്ധപ്പെട്ട് തസ്ലീമ നസ്റീൻ വിവാദപരമായ പരാമർശം ട്വീറ്റ് ചെയ്തത്. എന്നാൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമുയർത്തിയതോടെ തസ്ലീമ നസ്റീൻ തന്റെ ട്വീറ്റ് പിൻവലിച്ച് വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തു.
‘മോയിൻ അലിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ ട്വീറ്റ് ആക്ഷേപ ഹാസ്യമാണെന്ന് എന്റെ വിമർശകർക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്നെ ആക്ഷേപിക്കാൻ അവർ അതൊരു ആയുധമാക്കി. കാരണം ഞാൻ ഇസ്ലാമിലെ തീവ്ര ചിന്താഗതിയെ എതിർക്കുന്ന വ്യക്തിയും മുസ്ലിം സമൂഹത്തിൽ മതേതര ചിന്ത വളർത്താൻ ശ്രമിക്കുന്നയാളുമാണ്’ – വിശദീകരണ ട്വീറ്റിൽ തസ്ലീമ നസ്റീൻ എഴുതി.