
ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ.രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു.വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് രമൺ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ”ഇതിന് വിസമ്മതിച്ചപ്പോൾ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചു. തന്റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകൾ. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി”, ഫൗസിയ പറയുന്നു.
”തന്റെ കുറ്റസമ്മതമൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണ്”, എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു.