
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല.
ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ വില ഇന്ത്യയില്‍ നിശ്ചയിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്ന് വില എന്ന നയം ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ, കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വീറ്റില്‍ വ്യക്തമാക്കി.