0 Comments

തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.

‘ഈ വിജയം ഐതിഹാസികമാണ് , ചരിത്രമാണ്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ എല്‍.ഡി.എഫ് ഇത്തവണയും മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്തിയിരിക്കുകയാണ്. എല്ലാ നിയോകകണ്ഡലത്തിലും ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റമുണ്ടായിരിക്കുകയാണ്. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവരായ വോട്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. എന്നെ പരാജയപ്പെടുത്താന്‍ മുസ്‌ലിം ലീഗ് തങ്ങളുടെ ആവനാഴിയിലെ അവസാന അസ്ത്രവും വിനിയോഗിച്ചു. എന്തൊക്കെയാണ് രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്തത് അതൊക്കെ അവര്‍ ചെയ്തു. എന്നിട്ടും എന്നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വര്‍ഗ്ഗീയ ശക്തികളും എതിര്‍ത്താലും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്’, ജലീല്‍ പറഞ്ഞു.

എല്‍.ഡി.എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി രണ്ടുമാസത്തോളം നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്. മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് തവനൂരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *