
കോണ്‍ഗ്രസിന്റെ ഉന്നതര്‍, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ജനങ്ങളില്‍ തെറ്റായ പരിഭ്രാന്തി സൃഷ്ടിക്കുകയും രാഷ്ട്രീയ ലാഭത്തിനായി കള്ളക്കഥകള്‍ വിളമ്പുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജെ പി നദ്ദ, കോവിഡ് -19 വാക്സിന് വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും മറ്റും നടത്തുന്ന കഠിന ശ്രമങ്ങളെ പരിഹസിക്കുന്നതിനെ രൂക്ഷമായി എതിര്‍ത്തിരിക്കുകയാണ്.
എല്ലാവര്‍ക്കുമായി വാക്സിനുകള്‍ സൗജന്യമായി നല്‍കണമെന്ന കാമ്പയിന് പ്രതിപക്ഷം നിരന്തരം നടത്തുന്നതിനിടയില്‍, ബിജെപി – എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ സ്വന്തമായി ദരിദ്രര്‍ക്ക് സൗജന്യ വാക്സിനുകള്‍ പ്രഖ്യാപിച്ചതിനു പാര്‍ട്ടിയുടെ ഉദ്ദേശ്യത്തെ, പ്രതിപക്ഷം ചോദ്യം ചെയ്തു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റാലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രാജ്യം പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കാപട്യവും നദ്ദ വിമർശിച്ചിരിക്കുകയാണ്.